അറിയിപ്പ് - പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കിക്കളയുക തുടങ്ങിയവയെക്കുറിച്ച് വിവരങ്ങൾ തെളിവുകൾ സഹിതം Single WhatsApp number 9446700800 ൽ നൽകുന്നവർക്ക്, നിയമാനുസരണമുളള പിഴ തുകയുടെ 25% പാരിതോഷികം നിൽകുന്നതാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയിലെ തെക്കന്‍ കാനറാ ജില്ലയുടെ ഭാഗമായിരുന്നു കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പഴയ കാസര്‍ഗോഡ് താലൂക്ക്. 1663-ലും 1667-ലും ഡച്ചുകമ്പനി കോലത്തിരിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ നീലേശ്വരം രാജാവിന്റെ അധീനതയിലായിരുന്ന കിനാനൂര്‍ ഡച്ച് സങ്കേതമായിരുന്നു എന്നും അവര്‍ കുരുമുളകും മറ്റ് സുഗന്ധവ്യജ്ഞനങ്ങളും പുഴമാര്‍ഗ്ഗം കൊണ്ടുപോയിരുന്നു എന്നും വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1960-ലെ കേരള പഞ്ചായത്ത് ആക്ട് അനുസരിച്ച് കിനാനൂര്‍ ഗ്രാമവും കരിന്തളം ഗ്രാമവും ചീമേനി ഗ്രാമത്തിലെ കാര്യങ്കോട് പുഴയുടെ വടക്കുഭാഗത്തുള്ള ഭാഗങ്ങളും ചേര്‍ത്ത് കിനാനൂര്‍-കരിന്തളം പഞ്ചായത്ത് 1962-ല്‍ രൂപീകൃതമായി. 1962-വരെയും ഈ പ്രദേശങ്ങള്‍ കിനാനൂര്‍, കരിന്തളം, ചീമേനി ഗ്രാമപഞ്ചായത്തുകളിലാണ് ഉള്‍പ്പെട്ടിരുന്നത്. 1956-ല്‍ മദ്രാസ് വില്ലേജ് പഞ്ചായത്ത് ആക്ട് അനുസരിച്ച് രൂപംകൊണ്ട ഗ്രാമപഞ്ചായത്തുകളാണിവ. ഈ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഗ്രാമകോടതികളുടെ ചുമതല കൂടി ഉണ്ടായിരുന്നു. ആളുകളെ സമന്‍സ് അയച്ച് വരുത്തി കേസ് തീര്‍പ്പുണ്ടാക്കാനും വിധി നടപ്പിലാക്കാനുമുള്ള അധികാരാവകാശങ്ങളും ഇതനുസരിച്ച് ഉണ്ടായിരുന്നു. 1799-ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിത്തീര്‍ന്നതോടെ ജന്മിമാര്‍ പാട്ടം പിരിവ് തുടങ്ങി. നാട്ടിന്‍പുറങ്ങളില്‍ ബ്രിട്ടീഷു വാഴ്ചയുടെ നെടുംതൂണുകള്‍ ജന്മിമാരായിരുന്നു. കര്‍ഷകന്റെ അജ്ഞത മുതലെടുത്ത് സര്‍ക്കാര്‍ ഭൂമിയില്‍ നിന്നുപോലും അവരോട് പാട്ടം ഈടാക്കി. ഐതിഹ്യ കഥയുടെ പിന്‍ബലത്തോടെ മഹത്വമവകാശപ്പെടുന്ന പ്രദേശങ്ങളാണ് കിനാനൂരും കരിന്തളവും. മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇവിടുത്തെ  കമ്മാടം പള്ളി. കിരാതന്‍ (ശിവന്‍) കണ (പാശുപതാസ്ത്രം) ഊരിയ പ്രദേശമാണ്  കിനാനൂര്‍ എന്ന് പറയപ്പെടുന്നു. ഇവിടുത്തെ ക്ഷേത്രപ്രതിഷ്ഠയും ഇതുതന്നെ. കരിമ്പാറപ്പരപ്പിന്‍ നടുവിലെ ഐശ്വര്യദേവതയുടെ നൃത്തശാലയാണത്രെ കരിന്തളം. കരിന്തളത്തെ കളരി ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്. ആരാധനയിലും ഉല്‍സവ നടത്തിപ്പിലുമെല്ലാം സവിശേഷത പുലര്‍ത്തുന്ന കമ്മാടം പള്ളി എക്കാലവും ഹിന്ദു-മുസ്ളീം മൈത്രിയുടെ സംഗമ വേദികൂടിയായിരുന്നു. ഈ പള്ളിയുടെ വാസ്തുവിദ്യയും ത്രിസന്ധ്യകളില്‍ തെളിക്കുന്ന ചുറ്റു വിളക്കുകളുടെ തിരിനാളങ്ങളും  മൈത്രിസന്ദേശമാണ് ചുരത്തി നില്‍ക്കുന്നത്. നെരോത്തെ ഹിന്ദു തറവാട്ടിലെ കളിയാട്ടവും കമ്മാടം പള്ളി നേര്‍ച്ചയും പരസ്പരം മൈത്രിബന്ധം പുലര്‍ത്തുന്ന ഉല്‍സവങ്ങളാണ്. പുല്‍മേടുകളും കാടും നിറഞ്ഞ പ്രദേശങ്ങളില്‍ ജനവാസം കുറവായിരുന്നു. കാടുകള്‍ വെട്ടിത്തെളിച്ച് പുനകൃഷിനടത്തി ഭക്ഷ്യാവശ്യങ്ങള്‍ നിറവേറ്റി പിന്നീട് കുരുമുളകും, കശുമാവും തെങ്ങും കവുങ്ങുമെല്ലാം വിളഭൂമികളില്‍ കുടിപാര്‍ത്തു. ജാതീയമായ തരംതിരിവും ഇവിടെ ശക്തമായിരുന്നു. അയിത്തവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ജാതിയടിസ്ഥാനത്തിലുള്ള തൊഴില്‍വിഭജനവും ഇവിടേയും നിലനിന്നുപോന്നു. ഭൂവുടമസ്ഥതാവകാശം ഏറെ കേന്ദ്രീകൃതമായിരുന്നു. പഞ്ചായത്തിലെ 70 ശതമാനം കൃഷിഭൂമിയും 23 പേരുടെ കൈവശമായിരുന്നുവെന്ന് 1960-ലെ വില്ലേജ് രേഖകള്‍ വ്യക്തമാക്കുന്നു. 1937-ല്‍ കീഴ്മാലയില്‍ കര്‍ഷകസംഘം രൂപീകരിച്ചതായി ആണ്ടലാട്ടിന്റെ രേഖയില്ലാത്ത ചരിത്രം എന്ന പുസ്തകത്തില്‍ പറയുന്നു. ചരിത്ര പ്രസിദ്ധമായ കയ്യൂര്‍ സമരത്തിലും ചീമേനി തോലും വിറകും സമരത്തിലും പ്രതികളായവരില്‍ കിനാനൂര്‍-കരിന്തളം പഴയ ചീമേനി ഗ്രാമങ്ങളിലെ പ്രവര്‍ത്തകരുമുണ്ടായിരുന്നു. വിദ്യാഭ്യാസരംഗത്ത് എഴുത്താശാന്‍മാരുടെ സ്ഥാനത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപദത്തില്‍ തന്നെ പാഠശാല കിനാനൂരില്‍ രൂപം കൊണ്ടു. അമ്പതുകളിലാണ് ഗ്രന്ഥശാലകള്‍ ആരംഭിച്ചത്.